
ചെന്നൈ: തമിഴ്നാട്ടിലേക്ക് കേരളത്തിൽ നിന്ന് ലഹരിമരുന്ന് എത്തുന്നുവെന്ന ആരോപണം ചർച്ചയായതിന് പിന്നാലെ വിഷയം തമിഴ്നാട് മന്ത്രിസഭയും ചർച്ച ചെയ്തു. സംസ്ഥാനത്തെ ലഹരി ഉപയോഗവും ഇതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളും നിയമസഭയിൽ ചർച്ചയായതിനു പിന്നാലെയാണ് അന്തർസംസ്ഥാന ലഹരിക്കടത്ത് തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുന്നത്. കേരളത്തിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് വൻതോതിൽ ലഹരി എത്തുന്നത് എന്നാണ് തമിഴ്നാട് മന്ത്രിസഭ യോഗത്തിലും ഉയർന്ന ആരോപണം.
അന്തർസംസ്ഥാന ലഹരിക്കടത്ത്, അതിർത്തി മേഖലകളിലെ പരിശോധന, കേരളവുമായി സഹകരിച്ചുള്ള പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ തമിഴ്നാട് മന്ത്രിസഭയിൽ ചർച്ചയായി. കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കേണ്ടതിന്റെ ആവശ്യകത നേരത്തെയും ഉയർന്നിട്ടുണ്ട്. ലഹരിക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനൊപ്പം അതിർത്തി ജില്ലകളിൽ പരിശോധനയും രഹസ്യാന്വേഷണ സംവിധാനങ്ങളും ഏകോപിപ്പിക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം.
അണ്ണാ ഡിഎംകെ എംഎൽഎ ആർ. രാകേഷാണ് കേരളത്തിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് ലഹരി എത്തുന്നതെന്ന ആരോപണം തമിഴ്നാട് നിയമസഭയിൽ ഉന്നയിച്ചത്. കോയമ്പത്തൂരിൽ കൊല്ലപ്പെട്ട 19കാരനായ എൻജിനീയറിങ് വിദ്യാർഥി അമുതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു കള്ളക്കുറിച്ചി ശങ്കരപുരം മണ്ഡലം എംഎൽഎയായ രാകേഷിന്റെ പരാമർശം. കേരളത്തിൽ നിന്ന് ലഹരി എത്തുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ലഹരിമരുന്ന് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.
കേരളവുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് മന്ത്രി ആദവ് അർജുന നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെ ഇരു സംസ്ഥാനങ്ങളും ഏകോപിതമായി പ്രവർത്തിക്കുമെന്നും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ലഹരിക്കടത്ത് തടയാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് മന്ത്രിസഭയിലും ഇക്കാര്യം ചർച്ചയായത്.










